ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവർ സഹകരിച്ചില്ല;കേസുകൾ അവസാനിച്ചു

മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. അതിജീവിതകൾ മൊഴി നൽകാത്തതാണ് കേസ് അവസാനിപ്പിക്കാൻ കാരണം.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളെ ആസ്പദമാക്കി കേസെടുക്കാനും അന്വേഷിക്കാനും പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. എസ്‌പെഐടിക്ക് മുന്നിൽ മൊഴി നൽകാൻ അതിജീവിതകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകി. എന്നാൽ ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർ പ്രത്യേക സംഘത്തിന്റെ അന്വേഷണവുമായി സഹകരിച്ചില്ല എന്നും സർക്കാർ അറിയിച്ചു. മൊഴി നൽകാൻ എസ്‌ഐടി ആരെയും നിർബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എ കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വ്യക്തമാക്കിയിരുന്നു
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്‌ഐടിയുടെ നോഡൽ ഏജൻസി പ്രവർത്തനം തുടരണമെന്നും കോടതി നിർദേശിച്ചു. പുതിയ നിയമം വരുന്നതുവരെ കോടതിയുടെ മാർഗനിർദേശങ്ങൾ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു ഓഗസ്റ്റ് മാസമാദ്യം സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായ കോൺക്ലേവ് സംഘടിപ്പിക്കും. ഇതിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും സിനിമ നയം രൂപീകരിക്കാനുള്ള കരട് തയാറാക്കുക നിയമത്തിന്റെ കരട് തയാറാക്കിയ ശേഷം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.