ഹേമചന്ദ്രന്റേത് ആത്മഹത്യ; വാദവുമായി പ്രതിയുടെ ഫെയ്സ്ബുക് വിഡിയോ

കോഴിക്കോട് മായനാട് നിന്നു കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രന്റെ മരണം ആത്മഹത്യ എന്ന അവകാശവാദവുമായി കേസിൽ പൊലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്.
സൗദിയിൽനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നൗഷാദിന്റെ പ്രതികരണം. തനിക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിൽ നിന്നു പൈസ കിട്ടാൻ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെന്റ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വീഡിയോയിലൂടെ നൗഷാദ് വെളിപ്പെടുത്തിയത്.
മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ച് കുഴിച്ചിടുകയായിരുന്നു എന്നും നൗഷാദ് പറഞ്ഞു.ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്. അല്ലാതെ മർദിച്ചു കൊലപ്പെടുത്തിയെന്നു പറയുന്നതെല്ലാം തെറ്റാണ്. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയാറാണ്. എന്നാൽ ചെയ്യാത്ത തെറ്റിന് ജയിൽ കിടക്കാൻ തയാറല്ല എന്നും നൗഷാദ് വിഡിയോയിൽ പറയുന്നു.രണ്ടുമാസത്തെ വിസ്റ്റിങ് വീസയിലാണ് ഗൾഫിലെത്തിയതെന്നും പൊലീസിനു മുന്നിൽ ഹാജരാകുമെന്നും നൗഷാദ് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിന് സമീപം മായനാട്ടുനിന്ന് 2024 മാർച്ച് 20 നാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കാണാതായത്. തമിഴ്നാട് ചേരമ്പാടിയിൽ വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ഇക്കഴിഞ്ഞ ജൂൺ 28 നാണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നതെന്നതിനാൽ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലായിരുന്നു. നാലടി താഴ്ചയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. സംഭവത്തിൽ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ (35), വെള്ളപ്പന വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ്. അജേഷ് (അപ്പു - 27) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.