മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവുണ്ടോയെന്ന് ഹൈക്കോടതി; അനർഹനേട്ടം വ്യക്തമാക്കണമെന്നും നിർദേശം

  1. Home
  2. Kerala

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവുണ്ടോയെന്ന് ഹൈക്കോടതി; അനർഹനേട്ടം വ്യക്തമാക്കണമെന്നും നിർദേശം

high court


മാസപ്പടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണങ്ങളിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി. കീഴ്ക്കോടതിയിലെ അടക്കം എല്ലാ വിധിയുടെയും പകര്‍പ്പ് ഹാജരാക്കണമെന്നും ഹര്‍ജിക്കാരനോട്‌ ഹൈക്കോടതി നിര്‍ദേശിച്ചു. എതിര്‍കക്ഷികളെ വിചാരണ നടത്താന്‍ അനുമതിയുണ്ടോയെന്നും, നിയമ വിരുദ്ധമായ സ്വാധീനത്തിന് തെളിവുണ്ടോയെന്നും കോടതി ആരാഞ്ഞു. സിഎംആര്‍എല്‍ ഒപ്പിട്ട കരാര്‍ വഴിയുള്ള അനര്‍ഹനേട്ടം എന്താണെന്ന് വ്യക്തമാക്കണം. ആരോപണം ഉന്നയിക്കേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാവണമെന്നും ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. 
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് വിവിധ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കളമശേരി സ്വദേശി ജി. ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പുറമെ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയും ഹർജിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വീണ്ടും ഹൈക്കോടതി ഹർജി പരിഗണിക്കും.
സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ചാണ് ഹർജി. വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി ആഗസ്റ്റ് 26ന് കോടതി ഹരജി തള്ളി. ആദായ നികുതി വകുപ്പിന്‍റെ ഇന്ററിം ബോർഡ് ഫോർ സെറ്റിൽമെന്റ് രേഖകൾ മാസപ്പടി കൈപ്പറ്റിയതിന് തെളിവായുണ്ടെന്നും, ഇത്‌ പരിഗണിച്ച് അന്വേഷണത്തിന് നടപടിയുണ്ടാകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.