ഹിജാബ് വിവാദം: സ്‌കൂൾ നിയമാവലി പാലിക്കാൻ തയാറെന്ന് വിദ്യാർത്ഥിയുടെ പിതാവ്; പ്രശ്‌നം പരിഹരിച്ചതായി ഹൈബി ഈഡൻ എംപി
പള്ളുരുത്തി സെൻറ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് ധാരണ വിവാദം പരിഹാരത്തിലേക്ക്. സ്‌കൂളിന്റെ നിയമാവലി പാലിക്കാനും കുട്ടിയെ തുടർന്നും അതേ സ്‌കൂളിൽ പഠിപ്പിക്കാനുമാണ് രക്ഷിതാവ് സമ്മതിച്ചതെന്ന് എറണാകുളം എംപി ഹൈബി ഈഡൻ അറിയിച്ചു.
സ്‌കൂളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിച്ചു. അതിനെ തള്ളിക്കൊണ്ടാണ് ഇപ്പോൾ പ്രശ്‌ന പരിഹാരം ഉണ്ടായിരിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിൽ ഇന്ന് സമവായ ചർച്ച നടന്നത്. കുട്ടിയുടെ രക്ഷിതാവും ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചർച്ചയിൽ സ്‌കൂളിന്റെ നിയമാവലി അനുസരിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാമെന്നും കുട്ടിയെ തുടർന്നും ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും അറിയിക്കുകയായിരുന്നു.
