ശബരിമല ഡ്യൂട്ടിയിൽ ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണമെന്ന് ആഭ്യന്തരമന്ത്രി

  1. Home
  2. Kerala

ശബരിമല ഡ്യൂട്ടിയിൽ ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണമെന്ന് ആഭ്യന്തരമന്ത്രി

ramesh chennithala


ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശബരിമലയിൽ എത്തുന്ന ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പെരുമാറണമെന്ന് മന്ത്രി നിർദേശിച്ചു. ദർശനത്തിനായി എത്തുന്ന ഭക്തരെ ഒരു കാരണവശാലും അനാവശ്യമായി തടയരുതെന്നും അധികമായി എത്തുന്നവർക്ക് സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്.

ശബരിമലയിൽ റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും, ഡ്യൂട്ടിക്കായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. പതിനെട്ടാംപടി ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

സന്നിധാനത്തെ സിസിടിവി സംവിധാനം 40 ദിവസത്തിനകം പൂർത്തിയാക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 70,000 ഭക്തർക്ക് ദർശനത്തിന് ബുക്ക് ചെയ്യാനാകും. അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പ്രചാരണം നൽകണമെന്നും മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രചാരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കഴിഞ്ഞ മാസം 29ന് ചേർന്ന യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്.

നവംബർ 17നാണ് ശബരിമല മണ്ഡലകാലം ആരംഭിക്കുന്നത്. മരാമത്ത് പണികൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഈ മാസം 30നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.അതേസമയം, ശബരിമല സന്നിധാനത്തെ മുറികളുടെ ബുക്കിംഗ് സംവിധാനവും പൂർണമായും ഓൺലൈനിലേക്ക് മാറുകയാണ്. തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുറികളുടെ ഓൺലൈൻ ബുക്കിംഗ് എണ്ണം ഉയർത്തിയത്.