ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇനി പൂർണ്ണമായും ഡിജിറ്റൽ; പരാതികളിലെ നടപടികൾ കൃത്യമായി അറിയാൻ എച്ച്.എം ആക്ട്സും ഹോംസും

  1. Home
  2. Kerala

ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇനി പൂർണ്ണമായും ഡിജിറ്റൽ; പരാതികളിലെ നടപടികൾ കൃത്യമായി അറിയാൻ എച്ച്.എം ആക്ട്സും ഹോംസും

ramesh chennithala


ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെയും കേരള പൊലീസിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽവന്നു. പൊതുജനങ്ങളിൽനിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ‘എച്ച്.എം ആക്ട്സ്’ (HM Acts), പ്രധാന കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങളും കണക്കുകളും മന്ത്രിക്ക് തത്സമയം ലഭ്യമാക്കാൻ ‘ഹോംസ്’ (HOMeS - Home Department Operations, Monitoring and e-Services) എന്നീ പോർട്ടലുകളാണ് ഉപയോഗിക്കുന്നത്. ആഭ്യന്തരവകുപ്പും വിവിധ പൊലീസ് സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പരാതികളിലെ നടപടികൾ വേഗത്തിലാക്കാനും ഇത് സഹായിക്കും.

പുതിയ സംവിധാനത്തിലൂടെ സംസ്ഥാനത്ത് ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറുകളെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് ഉടനടി ലഭിക്കും. പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന ഓരോ പരാതിയും എച്ച്.എം ആക്ട്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം കേരള പൊലീസിന്റെ സോഫ്റ്റ്‌വെയറായ ‘ഐ-കോപ്സ്’ (iCoPS) വഴി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറും. ഇതിലൂടെ പരാതിയിന്മേലുള്ള ഓരോ നടപടിക്രമങ്ങളും കൃത്യമായി പരിശോധിക്കാനാകും. പരാതി തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകർക്ക് എസ്.എം.എസ് മുഖേന ലഭിക്കുകയും ചെയ്യും.

അടിയന്തര പ്രാധാന്യമുള്ള കേസുകൾ വരുമ്പോൾ പ്രത്യേക അറിയിപ്പ് ലഭിക്കുന്നതിനൊപ്പം, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ട്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരാതികൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പുതിയ ഡിജിറ്റൽ സംവിധാനം ഏറെ ഗുണംചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗൗരവസ്വഭാവമുള്ള പരാതികളിൽ ഉടനടി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.