ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

  1. Home
  2. Kerala

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

m liju


സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വിവാദമായതിന് പിന്നാലെ നടപടിയുമായി സർക്കാർ. വിവാദ ഉത്തരവിന് കാരണക്കാരനായ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കി. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.

സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെ ഇത്തരം നയപരമായ തീരുമാനങ്ങൾ എടുത്തതിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് നടപടി. ഇതിന് പുറമെ ചാലക്കുടിയിലെ എം.സി.ആർ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ തീരുമാനവും സർക്കാർ റദ്ദാക്കി. ഉത്തരവിറങ്ങിയതിലുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം വരുന്നതുവരെ ഹോർട്ടിവൈനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിർത്തിവെക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല എക്സൈസ് കമ്മീഷണർക്കായിരിക്കും.