ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന:ലൈസൻസ് റദ്ദാക്കി; അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി

  1. Home
  2. Kerala

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന:ലൈസൻസ് റദ്ദാക്കി; അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി

IMAGE


സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ ഉത്തരവ് വിവാദമായതിന് പിന്നാലെ അതിവേഗ നടപടിയുമായി സർക്കാർ. ഉത്തരവിറക്കിയ അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, വകുപ്പ് മന്ത്രിയെപ്പോലും അറിയിക്കാതെ നയപരമായ തീരുമാനമെടുത്തതിലെ ഗുരുതര വീഴ്ച കണക്കിലെടുത്താണ് നടപടി. ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന സർക്കാരിന്റെ അറിവോടെയല്ലെന്നും ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും എക്‌സൈസ് മന്ത്രി എം. ലിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ നൽകിയ അനുമതിയും സർക്കാർ റദ്ദാക്കി. ഉത്തരവിൽ അതൃപ്തി അറിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ അനുമതി റദ്ദാക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് നടപടി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ഹോർട്ടിവൈനുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തിവയ്ക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതലയും എക്‌സൈസ് കമ്മീഷണർക്കായിരിക്കും