വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശസ്ത്രക്രിയ ഉടൻ ഉണ്ടായേക്കും
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഉഷയെ വിശദമായ പരിശോധനകൾക്ക് ശേഷം ഇന്ന് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയേക്കും. കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റാൻ സൗകര്യമൊരുക്കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ വിശ്വാസമില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി.
2021 മെയ് അഞ്ചിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നടന്ന ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കഴിഞ്ഞ നാല് വർഷമായി വിട്ടുമാറാത്ത വയറുവേദനയെത്തുടർന്ന് വേദനസംഹാരികൾ ഉപയോഗിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ എക്സറേ പരിശോധനയിലാണ് വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ ഉഷയ്ക്കൊപ്പം കോൺഗ്രസ് നേതാവ് എം. ലിജുവും എത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക പുറത്തെടുത്താൽ മാത്രമേ ഉഷയുടെ ആരോഗ്യനിലയിൽ വ്യക്തത വരികയുള്ളൂ. ഇത്രയും വലിയൊരു മെഡിക്കൽ വീഴ്ച സംഭവിച്ചതിൽ വണ്ടാനം മെഡിക്കൽ കോളജിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
