വിമാനപാതയിൽ കൂറ്റൻ ക്രെയിൻ; തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാനാകാതെ വിമാനങ്ങൾ വട്ടംകറങ്ങി
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ ഇറങ്ങുന്ന ആകാശപാതയിൽ കൂറ്റൻ ക്രെയിനിന്റെ കൈ (ബൂം) ഉയർന്നുനിന്നത് അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ സംഭവത്തെത്തുടർന്ന് ലാൻഡ് ചെയ്യാനെത്തിയ രണ്ട് വിമാനങ്ങൾ ആകാശത്ത് വട്ടംകറങ്ങേണ്ടി വന്നു. വിമാനപാതയിൽ 'അജ്ഞാത വസ്തു' ഉയർന്നുനിൽക്കുന്ന വിവരം പൈലറ്റുമാരാണ് എയർ ട്രാഫിക് കൺട്രോളിനെ (ATC) അറിയിച്ചത്.
തുടർന്ന് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്താവളത്തോട് ചേർന്നുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ ഭാഗം ഉയർന്നുനിൽക്കുന്നത് കണ്ടെത്തിയത്. ദേശീയപാതയിലെ മുട്ടത്തറ ബെവറജസ് ഔട്ട്ലെറ്റിന് സമീപത്തുള്ള പറമ്പിലായിരുന്നു ക്രെയിൻ ഉണ്ടായിരുന്നത്. വള്ളക്കടവ് ഭാഗത്തുള്ള റൺവേ 32-ന്റെ വ്യോമപാതയിൽ ഏകദേശം 50 മീറ്ററോളം (പതിനാറുനില കെട്ടിടത്തിന്റെ ഉയരം) ഉയർന്നുനിന്ന ക്രെയിൻ വലിയ അപകടഭീഷണിയാണ് ഉയർത്തിയത്.
വ്യോമസേനയുടെ എ.748 (A-748) എന്ന സൈനിക വിമാനവും, തൊട്ടുപിറകെ മാലദ്വീപിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോയുടെ 6E1130 വിമാനവുമാണ് ഈ സമയം ലാൻഡിങ്ങിനായി എത്തിയത്. വളരെ താഴ്ന്ന് ലാൻഡിങ് നടക്കുന്ന മേഖലയായതിനാൽ അധികൃതർ ഉടൻതന്നെ ഇടപെട്ട് ക്രെയിനിന്റെ ബൂം താഴ്ത്തിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് രണ്ട് വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ അനുമതി നൽകിയത്.
