വിവാഹദിനത്തിൽ ഒഴിവായത് വൻ ദുരന്തം; കായംകുളത്ത് നവദമ്പതികളുടെ കാറിന് തീപിടിച്ചു
വിവാഹം കഴിഞ്ഞ് യാത്ര ചെയ്യുന്നതിനിടെ നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറിനാണ് തിങ്കളാഴ്ച രാത്രി കായംകുളം ശഹീദാർ പള്ളിക്ക് സമീപം തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന നവദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വിവാഹിതരായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് വാഹനത്തിൽ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ ഇടപെട്ട് തീയണയ്ക്കാൻ ശ്രമിച്ചു.
തുടർന്ന് കായംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടമാണ് ഒഴിവായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
