വയനാട് ജീപ്പ് മറിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടറും പോലീസ് മേധാവിയും റിപ്പോർട്ട്‌ സമർപ്പിക്കണം

  1. Home
  2. Kerala

വയനാട് ജീപ്പ് മറിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടറും പോലീസ് മേധാവിയും റിപ്പോർട്ട്‌ സമർപ്പിക്കണം

 jeep accident


മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി വയനാട് ജില്ലാ കളക്ടറും, ജില്ലാ പൊലീസ് മേധാവിയും 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട്  നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. 

അതേസമയം, മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് 1 മുതൽ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ അടക്കമുള്ള നിരവധി പേർ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംസ്കാരം നടക്കുക. അഞ്ച് പേരുടെ മൃതദേഹം വീട്ടുവളപ്പിലും, മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും.

തലപ്പുഴ കണ്ണോത്ത് മലയ്ക്കടുത്ത് ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവർ. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.