മോഷണക്കുറ്റം ആരോപിച്ച് യുവതിയോട് പോലീസ് ക്രൂരത: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ബിന്ദുവിനെ പേരൂർക്കട പോലീസ് 20 മണിക്കൂർ മാനസികമായി പീഡിപ്പിച്ചതായി പരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ . കേസ് ഡി വൈ എസ് പി. അസി. കമ്മീഷണർ റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടു.
ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐ.ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മോഷണ കേസിലെടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡി.വൈ. എസ്. പി, അസി. കമ്മീഷണർക്ക് കേസ് കൈമാറണം.
അതേസമയം, അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവി തന്റെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം.ജൂലൈ 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.