മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പീഡനവും; സംഭവത്തിൽ കൂടുതൽ സ്ത്രീകൾ ഇരകളാക്കപ്പെട്ടതായി പോലീസ്
മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന് പൊലീസ്.കേസിൽ ഇന്നലെ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതര വിവരങ്ങളുള്ളത്. ഇയാൾ നിരവധി യുവതികളെ ദുബൈയിൽ എത്തിച്ച് കമ്മീഷൻ കൈപ്പറ്റിയതായി റിപ്പോർട്ടിലുണ്ട്.പരാതിക്കാരിയെ വിദേശത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് പ്രതിയും ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ സിന്ധു ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിലാലിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും, ഇവർ തമ്മിലുള്ള പണം കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇയാളെ ജൂൺ 5 വരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വ്യാപകമായ ഒരു നെറ്റ്വർക്ക് രീതിയിലാണ് സംഘം പ്രവർത്തിച്ചതെന്നും പലർക്കും കമ്മീഷൻ ലഭിച്ചിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഇത് ഒരു കച്ചവട സംവിധാനത്തെപ്പോലെ ക്രമീകരിച്ചിരുന്നുവെന്നും, കൂടുതൽ അന്വേഷണത്തിലൂടെ മുഴുവൻ കണ്ണികളെയും കണ്ടെത്താൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.പുതിയ പരാതികൾ ലഭിക്കുന്നുണ്ടെന്നും കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
