'അധികാരത്തിന്റെ അഹങ്കാരം ഞാൻ കാണിച്ചില്ല; പറയാനുള്ളത് പറഞ്ഞിട്ടുണ്ട്': വിരട്ടലിന് വഴങ്ങില്ലെന്ന് മന്ത്രി റോജി എം. ജോൺ

  1. Home
  2. Kerala

'അധികാരത്തിന്റെ അഹങ്കാരം ഞാൻ കാണിച്ചില്ല; പറയാനുള്ളത് പറഞ്ഞിട്ടുണ്ട്': വിരട്ടലിന് വഴങ്ങില്ലെന്ന് മന്ത്രി റോജി എം. ജോൺ

roji m john


മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ നാടകീയ സംഭവങ്ങളിലും എസ്.എഫ്.ഐ (SFI) പ്രതിഷേധത്തിലും പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷനിമിഷത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്.എഫ്.ഐ അലങ്കോലമാക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിരട്ടലിന് മുന്നിൽ വ്യക്തിപരമായി താനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വഴങ്ങില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി. ചോദ്യങ്ങളോടോ സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി, മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല ഇതെന്നും പരിഹസിച്ചു.

'ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാല്‍ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകര്‍ക്കാനുള്ള അഹന്തയ്ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ കഴിയില്ല എന്നതായിരുന്നു എന്റെ നിലപാട്. അത് തന്നെ ആണ് ഇപ്പോഴും നിലപാട്. വിദ്യാര്‍ത്ഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരില്‍ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ ആ വിരട്ടലിന് മുന്നില്‍ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം എസ്എഫ്‌ഐക്കാരുടെ മുന്നില്‍ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീര്‍ക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ല', റോജി എം ജോണ്‍ പറഞ്ഞു.

ബിരുദ ദാന ചടങ്ങിനിടെയായിരുന്നു ഇന്നലെ മഹാരാജാസ് കോളേജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണിത്ര പേടിയെന്ന് മിസ്രിയ ചോദിച്ചിരുന്നു. മറുപടി പറയാമെന്ന് പറഞ്ഞല്ലോയെന്നും എന്തിനാണ് പരിപാടി തടസ്സപ്പെടുത്തണമെന്നുമായിരുന്നു മന്ത്രി തിരിച്ച് ചോദിച്ചത്. ഇതിനിടെ 'വിദ്യാര്‍ത്ഥികളെ എന്തിന് സസ്പെന്‍ഡ് ചെയ്തു', 'കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല', എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.