'എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരല്ല, സ്പീഡ് ഇഷ്ടമാണ്; പക്ഷേ ഞാൻ നന്നാവാൻ തീരുമാനിച്ചു': മമ്മൂട്ടി

  1. Home
  2. Kerala

'എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരല്ല, സ്പീഡ് ഇഷ്ടമാണ്; പക്ഷേ ഞാൻ നന്നാവാൻ തീരുമാനിച്ചു': മമ്മൂട്ടി

mammootty


റോഡ് സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച 'ജീവ - സുയാത്ര മിഷന്റെ' ബ്രാൻഡ് അംബാസിഡറായി തന്നെ തിരഞ്ഞെടുത്തെന്ന് കേട്ടപ്പോൾ ആദ്യം പേടിച്ചുപോയെന്ന് നടൻ മമ്മൂട്ടി. തന്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരല്ല ഉള്ളതെന്നും, വേഗത ഏറെ ഇഷ്ടമാണെങ്കിലും ഏൽപ്പിച്ച ഉത്തരവാദിത്തം കണക്കിലെടുത്ത് താൻ നന്നാവാൻ തീരുമാനിച്ചെന്നും അദ്ദേഹം രസകരമായി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

വളരെ ആവേശത്തോടെ വണ്ടി ഓടിക്കുന്ന ആളാണ് താനെന്നും എന്നാൽ വേഗതയ്ക്കൊപ്പം ജാഗ്രതയും ഏകാഗ്രതയും അത്യാവശ്യമാണെന്നും മമ്മൂട്ടി ഓർമിപ്പിച്ചു. വാഹനത്തിന്റെ നിയന്ത്രണം കൈയിലിരിക്കുമ്പോൾ അതിലൊരു ഉത്തരവാദിത്തമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ വലിയ അപകടങ്ങൾ ഒഴിവാക്കാനാകും. എന്നാൽ നിരത്തുകളിൽ തിരക്ക് വർധിച്ചതോടെ ഈയടുത്ത കാലത്തായി താൻ വാഹനമോടിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഡപകടങ്ങളിൽ 99 ശതമാനവും സംഭവിക്കുന്നത് മനുഷ്യരുടെ പിഴവ് കൊണ്ടാണെന്നും യന്ത്രത്തകരാറുകൾ ഒരു ശതമാനം മാത്രമാണെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈകളിലാണെന്ന് കരുതി വീട്ടിലെ കോറിഡോറിലൂടെ നടക്കുന്നതുപോലെ അശ്രദ്ധമായി റോഡിലൂടെ നടക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വീതികൂടിയ റോഡുകളിൽ പോലും ബസുകൾ നടത്തുന്ന മത്സരയോട്ടമാണ് അപകടങ്ങൾ വർധിപ്പിക്കുന്നത്. മൂന്ന് മിനിറ്റ് ഇടവേളകളിൽ തുടർച്ചയായി ബസുകൾക്ക് സമയം അനുവദിക്കുന്നതാണ് ഇത്തരം മത്സരയോട്ടങ്ങൾക്ക് കാരണമാകുന്നതെന്നും, റൂട്ടുകളും സമയക്രമവും പുനഃക്രമീകരിക്കുന്നതിലൂടെ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ഒരു സാധാരണക്കാരൻ എന്ന നിലയിൽ താൻ നിർദേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിലൂടെ സഞ്ചരിക്കുന്ന എല്ലാവർക്കും നമ്മളെപ്പോലെ കുടുംബവും വികാരങ്ങളുമുണ്ടെന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നും, കേരളം തീരെ അപകടമില്ലാത്ത സംസ്ഥാനമായി മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.