'ഞാൻ ഇവിടെ വന്നിട്ടുപോലുമില്ല, 'അഭിരാമിനെ അറിയില്ല'; തെളിവെടുപ്പിനിടെ പ്രതിയുടെ പൊട്ടിക്കരച്ചിൽ
തിരുവനന്തപുരം പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്നും കൊലപാതകം നടന്ന ദിവസം താൻ സംഭവസ്ഥലത്ത് വന്നിട്ടില്ലെന്നും ഉമർ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം.
കേസിൽ കസ്റ്റഡിയിലുള്ള ഉമറിനെയും മൂന്നാം പ്രതി ആനന്ദയെയും സംഭവസ്ഥലത്തും ഉമറിന്റെ വീട്ടിലുമെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഉമറിന്റെ സഹായത്തോടെയാണ് 17-കാരനായ ഒന്നാം പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒന്നാം പ്രതിയെയും ഉമറിന്റെ കാമുകിയും കേസിൽ പ്രതിയുമായ ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതിയിട്ടതെങ്കിലും അഭിരാം കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അതേസമയം, 17-കാരനായ ഒന്നാം പ്രതിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്ന് അഭിരാമിന്റെ കുടുംബം സംശയം ഉന്നയിച്ചിട്ടുണ്ട്. അഭിരാമിന്റെ സീനിയറായാണ് ഇയാൾ സ്കൂളിൽ പഠിച്ചിരുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
