'സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്': അടൂർ സ്റ്റേഷൻ സംഭവത്തിൽ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

  1. Home
  2. Kerala

'സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്': അടൂർ സ്റ്റേഷൻ സംഭവത്തിൽ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

sreenadevi


അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ.എസ്.യു (KSU) നേതാവ് ഫെനി നൈനാനും രംഗത്ത്. പോലീസ് സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് അവിടെയെത്തിയതെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സെല്ലിന് പുറത്തുനിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന യൂട്യൂബർ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് സിപിഎം അടൂർ ഏരിയ നേതൃത്വം അധഃപതിച്ചതായി ശ്രീനാദേവി ആരോപിച്ചു. അതേസമയം, ഇക്കഴിഞ്ഞ ജൂലൈയിൽ യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന സമയത്ത് അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതും ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനുള്ളിൽ കയറി വെല്ലുവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

രണ്ട് പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ അന്ന് തന്നെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പോലീസുകാർ കേസെടുത്തിരുന്നു. ദൃശ്യങ്ങൾ വ്യക്തമായി പുറത്തുവന്ന പശ്ചാത്തലത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഫെനി നൈനാനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.