‘പുരസ്കാരം എഴുത്തച്ഛൻ നേരിട്ട് നൽകിയ സമ്മാനമായി കാണുന്നു’; എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ച് മേതിൽ രാധാകൃഷ്ണൻ
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ഒരു ഇടുങ്ങിയ ഇടവഴിയിൽ എഴുത്തച്ഛനും താനും മുഖാമുഖം വരുന്നതായും തനിക്ക് ഒരു സാധനം തരാനുണ്ടെന്ന് എഴുത്തച്ഛൻ പറയുന്നതായും മുൻപ് എഴുതിയ ഭാവനാസൃഷ്ടി ഓർമ്മിപ്പിച്ച അദ്ദേഹം, ആ സമ്മാനമാണ് ഈ പുരസ്കാരമെന്ന് വ്യക്തമാക്കി. ജൂറിയുടെ തീരുമാനം രാഷ്ട്രീയ പക്ഷപാതങ്ങളില്ലാതെ അംഗീകരിച്ച സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.
ഗ്ലോക്കോമ ബാധിച്ച് വലതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായും ഇടതുകണ്ണിന്റെ കാഴ്ച നിലനിർത്താൻ ചികിത്സയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വായന ഏറെ പ്രയാസകരമാണെങ്കിലും വീട്ടിലെത്തി 'ഹരിനാമകീർത്തനം' തപ്പിത്തടഞ്ഞാണെങ്കിലും ഒരിക്കൽ കൂടി വായിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
