‘എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞതാണ്, അപ്പോൾ മത്സരിക്കാൻ മറ്റാരുമില്ലെന്ന് പറഞ്ഞു’; സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ രൂക്ഷമായി പ്രതികരിച്ച് വീണാ ജോർജ്. തനിക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒട്ടും താത്പര്യമില്ലായിരുന്നെന്നും, തന്നെ മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നെന്നുമാണ് വീണാ ജോർജ് യോഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ അന്ന് മണ്ഡലത്തിൽ മത്സരിക്കാൻ വേറെയാരുമില്ലെന്നും താൻ തന്നെ വേണമെന്നും ജില്ലാ നേതൃത്വം നിർബന്ധം പിടിച്ചതുകൊണ്ടാണ് മത്സരരംഗത്തിറങ്ങിയതെന്നും മന്ത്രി തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ പരാജയപ്പെടുത്താൻ പാർട്ടിയിലെ തന്നെ ഒരുവിഭാഗം നേതാക്കൾ ബോധപൂർവ്വം ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും യോഗത്തിൽ ഉയർന്നു വന്നു.
കഴിഞ്ഞദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ തുടരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മന്ത്രിക്കെതിരെ ഒരുവിഭാഗം നേതാക്കൾ രൂക്ഷവിമർശനം ഉയർത്തിയത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത രീതിയും, ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത മന്ത്രിയുടെ പെരുമാറ്റവുമാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന വിമർശനം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതോടെയാണ് മന്ത്രി യോഗത്തിൽ രൂക്ഷമായി പ്രതികരിച്ചത്. തനിക്കെതിരെ ജില്ലാ നേതാക്കൾ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങളെല്ലാം പാർട്ടി സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെയും അസാധാരണമായ രൂക്ഷവിമർശനമാണ് ഉയർന്നത്. ഭരണവിരുദ്ധ വികാരം ശക്തമായിട്ടും പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും, ഭരണം നഷ്ടപ്പെട്ടിട്ടും വീണ്ടും അദ്ദേഹത്തെ തന്നെ നേതാവാക്കുന്നത് ശരിയല്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. പാർട്ടിക്ക് ചരിത്രപരമായ തകർച്ച നേരിട്ടിട്ടും അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയ്യാറായില്ലെന്നും നേതാക്കൾ യോഗത്തിൽ കടുത്ത ഭാഷയിൽ ചൂണ്ടിക്കാട്ടി.
