ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ട് തിരുത്തും'; തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ ടി പി രാമകൃഷ്ണൻ
തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടതായി ടി പി രാമകൃഷ്ണൻ. പരാജയം അതിസൂക്ഷ്മമായി വിലയിരുത്തുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ വിശ്വാസത്തിനും നിലപാടുകൾക്കും അനുസരിച്ച് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും, ജനക്ഷേമ കാഴ്ചപ്പാടുകളിൽ നിന്ന് പിന്നോട്ടില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
''ഞങ്ങൾ പി ആർ ഏജൻസികളുടെ അടുത്തേക്ക് പോകില്ല. ജനങ്ങളിലേക്ക് ഇറങ്ങും. അവർ പറയുന്നത് കേട്ടാൽ മാത്രമേ തിരുത്താൻ കഴിയൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണവിരുദ്ധ വികാരം വ്യക്തമായി അനുഭവപ്പെട്ടിട്ടില്ലെന്നും, ജൂൺ 15ന് ശേഷം വിശദമായ എൽഡിഎഫ് യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിമർശനവും സ്വയം വിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പോസ്റ്റർ വിവാദത്തിൽ പാർട്ടിക്കോ എൽഡിഎഫിനോ ബന്ധമില്ലെന്നും, നേതൃത്വമാറ്റത്തെക്കുറിച്ചുള്ള ചർച്ച പാർട്ടിയിൽ ഇല്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
