വന്യജീവി ആക്രമണത്തിൽ വ്യക്തി മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പിന്; ജൂൺ 15 മുതൽ കാട്ടുപന്നികളെ നിയന്ത്രിക്കാൻ സ്‌പെഷ്യൽ ഡ്രൈവെന്ന് വനംമന്ത്രി
വനത്തിനകത്തോ പുറത്തോ വെച്ച് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒരു വ്യക്തി മരണപ്പെട്ടാൽ അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വളരെ വേഗത്തിൽ ലഭ്യമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, വർദ്ധിച്ചുവരുന്ന കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി ജൂൺ 15 മുതൽ പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപ്പിലാക്കുന്ന പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 2000-ൽ അധികം കിലോമീറ്റർ ദൂരത്തിൽ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ ഇത് 2500 കിലോമീറ്ററായും, ഈ വർഷം തന്നെ 3000 കിലോമീറ്ററായും വർദ്ധിപ്പിക്കും. സോളാർ ഫെൻസിങ്ങുകളുടെ പ്രവർത്തനക്ഷമതയും വോൾട്ടേജും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒരു സെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. പൊതുജനങ്ങൾക്കും ഇതിന്റെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഈ സംവിധാനം ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ കടുവ ശല്യം രൂക്ഷമാകുന്നതിന്റെ കാരണവും മന്ത്രി ചൂണ്ടിക്കാട്ടി. വയനാട്ടിൽ ഒരു കടുവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാൻ 20 സ്ക്വയർ കിലോമീറ്റർ ടെറിട്ടറി (അതിർത്തി) ആവശ്യമാണെന്നിരിക്കെ, നിലവിൽ അവിടെ ലഭ്യമായിട്ടുള്ളത് നാല് സ്ക്വയർ കിലോമീറ്റർ മാത്രമാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായ ഈ പരിമിതിയാണ് ജനവാസ മേഖലകളിൽ വന്യജീവി ശല്യം ഇത്രത്തോളം വർദ്ധിക്കാൻ കാരണമാകുന്നതെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു.
