'ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തറുകൾ ഉയർന്നു വരും'; വിദ്യാർത്ഥികളുടെ മാർച്ചിൽ പിണറായി വിജയൻ

  1. Home
  2. Kerala

'ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തറുകൾ ഉയർന്നു വരും'; വിദ്യാർത്ഥികളുടെ മാർച്ചിൽ പിണറായി വിജയൻ

pinarayi vijayan


ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ രാജ്യത്തുടനീളം ആയിരക്കണക്കിന് ജന്തർ മന്തറുകൾ ഉയർന്നു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യ സംരക്ഷണത്തിനായി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനോ ഇല്ലാതാക്കാനോ കേന്ദ്ര ഭരണകൂടത്തിന് കഴിയില്ലെന്നും സമരങ്ങൾ കൂടുതൽ ശക്തിയോടെ ഉയർന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോക് ഭവനിലേക്ക് നടത്തിയ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും വലിയ ഭീഷണി നേരിടുന്ന കാലമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ സംരക്ഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിർണായക പങ്കുണ്ട്. എന്നാൽ അടുത്തകാലത്തായി കമ്മീഷൻ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ആർഎസ്എസ്-ബിജെപി അജണ്ടയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണാധികാരികളെ തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണെന്നതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം. ഈ അധികാരം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. ബിജെപിക്ക് അധികാരത്തിൽ തുടരുന്നതിനായി ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശം ജനങ്ങളിൽനിന്ന് നിഷേധിക്കുകയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തെന്നും പിണറായി വിജയൻ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ വിശ്വസ്തനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആർഎസ്എസ്-ബിജെപി അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐആർ വഴി ഏകദേശം 13 കോടി പേരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയതെന്ന് പിണറായി വിജയൻ ആരോപിച്ചു. മറ്റ് കമ്മീഷൻ അംഗങ്ങൾ യോജിക്കാത്ത തീരുമാനങ്ങൾ ഉണ്ടായിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി അവ നടപ്പാക്കി. ജനാധിപത്യ തത്വങ്ങൾ കാറ്റിൽപ്പറത്തി ഗ്യാനേഷ് കുമാർ നടത്തിയ നടപടികൾ ജനങ്ങളുടെ വോട്ടവകാശത്തെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാർ ആ സ്ഥാനത്തുനിന്ന് പുറത്തുപോകണമെന്ന ആവശ്യം രാജ്യമാകെ ഉയരുകയാണ്. ഈ സമരത്തിന്റെ മുന്നിൽ വിദ്യാർഥികളും യുവാക്കളും അണിനിരക്കുന്നത് ജനാധിപത്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ കേന്ദ്ര സർക്കാർ ക്രൂരമായാണ് നേരിട്ടതെന്ന് പിണറായി വിജയൻ ആരോപിച്ചു. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കാതെ സമരങ്ങൾക്ക് അനുമതി നിഷേധിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെട്ടു. വിദ്യാർഥികളെയും യുവാക്കളെയും തെരുവുകളിലൂടെ വലിച്ചിഴയ്ക്കുകയും തല തല്ലിപ്പൊളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ രാജ്യം കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരം ജന്തർ മന്തറുകൾ ഉയർന്നുവരും. ഒരു പ്രക്ഷോഭത്തെയും അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ല. ചരിത്രം അതിന് തെളിവാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻകാല വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളുടെ പിന്മുറക്കാരാണ് ഇപ്പോൾ സമരരംഗത്തുള്ളത്. വിദ്യാർഥികളും യുവാക്കളും മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഈ പ്രക്ഷോഭത്തിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിന്‍റെ രാജി, വോട്ടവകാശം പുനഃസ്ഥാപിക്കൽ, അക്രമം നടത്തിയ പൊലീസുകാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കൽ എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.