'വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ഷൗക്കത്തിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. കേരളത്തിലെ ആർ.ടി.ഒ ഓഫീസുകളിൽ സാധാരണക്കാർ നേരിടുന്ന ചൂഷണങ്ങളുടെ നേർസാക്ഷ്യമാണ് ഈ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം ഭരണത്തിലും നിലവിലെ കോൺഗ്രസ്-മുസ്ലിം ലീഗ് ഭരണത്തിലും ആർ.ടി.ഒ ഓഫീസുകളിൽ മാറ്റമൊന്നുമില്ലെന്നും മോട്ടോർ വാഹന വകുപ്പ് അഴിമതി കേന്ദ്രങ്ങളായി മാറിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വോട്ട് ചെയ്ത യുവാക്കളെ കോൺഗ്രസ്-ലീഗ് സർക്കാർ വഞ്ചിക്കുകയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടനിലക്കാരില്ലാതെ നേരിട്ടെത്തിയതിന് ഉദ്യോഗസ്ഥർ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് കിഴിശ്ശേരി സ്വദേശി ഷൗക്കത്ത് (33) ജീവനൊടുക്കിയത്. സംഭവത്തിൽ കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിനെതിരായ പരാതികളിൽ ഗതാഗത മന്ത്രി സി.പി. ജോൺ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. അഴിമതിക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ പ്രതിഷേധ മാർച്ച് നടത്തുകയും സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
