'പിന്തുണ ലഭിച്ചാൽ നമ്മുടെ കുട്ടികൾ ലോകം കീഴടക്കും'; വിദർശയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

  1. Home
  2. Kerala

'പിന്തുണ ലഭിച്ചാൽ നമ്മുടെ കുട്ടികൾ ലോകം കീഴടക്കും'; വിദർശയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

priyaka


ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണയിലുള്ള വീട്ടിലെത്തിയ പ്രിയങ്ക, വിദർശയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും താരത്തിന്റെ ചരിത്രനേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെക്കുകയും ചെയ്തു.

വിദർശയുടെ പരിശീലന കാര്യങ്ങളെക്കുറിച്ചും കായികജീവിതത്തെക്കുറിച്ചും പ്രിയങ്ക ചോദിച്ചറിഞ്ഞു. നമ്മുടെ കുട്ടികൾ വലിയ കഴിവുള്ളവരാണെന്നും ശരിയായ പരിശീലനവും പിന്തുണയും ലഭിച്ചാൽ അന്താരാഷ്ട്ര വേദികളിൽ വലിയ വിജയങ്ങൾ വെട്ടിപ്പിടിക്കാൻ അവർക്ക് സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. വയനാടിനും രാജ്യത്തിനാകെയും വിദർശയുടെ നേട്ടം വലിയ അഭിമാന നിമിഷമാണെന്നും പ്രിയങ്ക കൂട്ടിചേർത്തു.

നഗോയ ഏഷ്യൻ ഗെയിംസ് വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലും 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഇന്ത്യയ്ക്കായി വെള്ളി മെഡലുകൾ നേടിയാണ് വിദർശ തിളങ്ങിയത്. ബിരുദ പഠനകാലത്ത് എൻ.സി.സി പരിശീലനത്തിനിടെ ഷൂട്ടിങ്ങിലേക്ക് കടന്നുവന്ന വിദർശ, കോഴിക്കോട് റൈഫിൾ ക്ലബ്ബിലൂടെയാണ് കായികരംഗത്ത് മുന്നേറ്റം കുറിച്ചത്.