പാമ്പുകടിയേറ്റാൽ 108-ൽ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയിൽ ഉടനെത്തിക്കാം: മന്ത്രി വീണാ ജോർജ്

  1. Home
  2. Kerala

പാമ്പുകടിയേറ്റാൽ 108-ൽ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയിൽ ഉടനെത്തിക്കാം: മന്ത്രി വീണാ ജോർജ്

    veena george


പാമ്പുകടിയേറ്റാൽ പരിഭ്രമിച്ച് സമയം കളയാതെ 'കനിവ് 108' ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റി സ്‌നേക്ക് വെനം (ASV) ലഭ്യമായ ആശുപത്രികളിൽ രോഗിയെ കൃത്യസമയത്ത് എത്തിക്കാൻ 108 ആംബുലൻസുകൾ സഹായിക്കും. ആംബുലൻസിലെ വിദഗ്ധരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ വഴി പ്രഥമശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള പ്രധാന ആശുപത്രികളിലും ഈ സൗകര്യമുണ്ട്. രോഗിയെ കൊണ്ടുപോകുന്നതിന് മുൻപ് തന്നെ അതത് ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടോ എന്ന് 108 ടീം ഉറപ്പുവരുത്തുകയും, പാമ്പുകടിയേറ്റ ആൾ വരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിക്കുകയും ചെയ്യും.

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കാൻ:

  • 108-ൽ വിളിക്കുക: ആംബുലൻസ് വരുന്നത് വരെ അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
  • ഭീതി ഒഴിവാക്കുക: രോഗിയെ ശാന്തനാക്കി നിർത്തുക. പരിഭ്രമമുണ്ടായാൽ രക്തത്തിലൂടെ വിഷം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്.
  • ചലനം കുറയ്ക്കുക: കടിയേറ്റ ഭാഗം അനക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗിയെ നടക്കാനോ ഓടാനോ അനുവദിക്കരുത്.
  • മുറുക്കിക്കെട്ടരുത്: മുറിവേറ്റ ഭാഗം അമിതമായി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.