അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിക്കെതിരായ എഫ്.ഐ.ആർ സ്റ്റേ ചെയ്തു

  1. Home
  2. Kerala

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിക്കെതിരായ എഫ്.ഐ.ആർ സ്റ്റേ ചെയ്തു

Shaji


അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി സ്റ്റേ ചെയ്തു. പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് കോടതി കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താനും ഇതിൽ സത്യമുണ്ടെന്ന് കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടത്. മുൻപ് പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു. 

അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് അടക്കം നിർമ്മിച്ചുവെന്നായിരുന്നു ഷാജിക്കെതിരായ പരാതി. കേസിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷാജിയുടെ വസതിയിലും മറ്റും പരിശോധന നടത്തുകയും ഇവിടെ നിന്ന് പണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ എഫ്‌ഐആർ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് അനുകൂല വിധി വന്നിരിക്കുന്നത്. സ്‌റ്റേ എത്ര നാളത്തേക്കാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കോഴിക്കോട് വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ഷാജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് നൽകാതെ പല തവണ വിളിച്ചു വരുത്തിയെന്നും തന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ നടപടിയായില്ലെന്നും കെ.എം ഷാജി കോടതിയിൽ ചൂണ്ടിക്കാട്ടി.