വാണിജ്യ സിലിണ്ടർ വിലവർധന; സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ പണിമുടക്കും
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മേയ് 6) പണിമുടക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നേരത്തേക്കാണ് ഹോട്ടലുകൾ അടച്ചിടുന്നത്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. നിലവിൽ ഒരു 19 കിലോ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് നൽകേണ്ടി വരുന്നത്.
വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവും കാരണം ഹോട്ടൽ മേഖല ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം മൂലം നിലവിൽ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും, പണിമുടക്ക് അനിവാര്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.
