കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റേഷനുകൾ അനുവദിച്ച് റെയിൽവേ
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി എന്നീ സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിലും അമൃത് ഭാരത് എക്‌സസ്പ്രസിന് ശാസ്താംകോട്ട, വടകര സ്റ്റേഷുകളിലും തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്തോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരമായി ശാസ്താംകോട്ടക്കും ചെങ്ങന്നൂരിനും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനായുള്ള ഇടപെടലുകൾ ഫലം കണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. അമൃത് ഭാരത് എക്‌സ്പസ്സ് ട്രെയിനിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് എംപി വ്യക്തമാക്കി. വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
