രാജ്യത്തെ ഏറ്റവും നീളമുള്ള എലിവേറ്റഡ് ഹൈവേ അരൂർ-തുറവൂർ പാത ഓഗസ്റ്റിൽ തുറന്നേക്കും

  1. Home
  2. Kerala

രാജ്യത്തെ ഏറ്റവും നീളമുള്ള എലിവേറ്റഡ് ഹൈവേ അരൂർ-തുറവൂർ പാത ഓഗസ്റ്റിൽ തുറന്നേക്കും

image


ദേശീയപാത 66ൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അരൂർ-തുറവൂർ ആകാശപാത ഓഗസ്റ്റ് മാസത്തോടെ ഗതാഗതത്തിനായി തുറന്നേക്കും. പദ്ധതിയുടെ 90 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു.12.75 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ആകാശപാത പൂർത്തിയാകുന്നതോടെ, ഒറ്റത്തൂണിൽ നിർമിച്ച രാജ്യത്തെ ഏറ്റവും നീളമുള്ള എലിവേറ്റഡ് ഹൈവേയായി മാറും. ഏകദേശം 2,200 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.

ഗർഡറുകൾ സ്ഥാപിക്കുന്നതും ഡെക്ക് സ്ലാബ് നിർമാണവും അവസാന ഘട്ടത്തിൽ എന്ന് അധികൃതർ അറിയിച്ചു. അരൂർ ഭാഗത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റുന്ന ജോലികളാണ് പ്രധാനമായും ബാക്കി നിൽക്കുന്നത്. നിലവിൽ തൂണുകൾ പെയിന്റ് ചെയ്യുന്നതും വശങ്ങളിലെ ഓട നിർമാണവുമാണ് പുരോഗമിക്കുന്നത്.
തുറവൂർ ഭാഗത്ത് തെക്കോട്ട് 210 മീറ്റർ കൂടി ആകാശപാതയുടെ നീളം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 12 അധിക തൂണുകളുടെ നിർമാണവും നടക്കുന്നു.
ദേശീയപാതയിലെ ഓടകളിൽ നിന്നുള്ള വെള്ളം സമീപ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനായി പുറം ഓടകൾ നിർമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക നൽകാൻ എൻഎച്ച്എഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംയുക്ത പരിശോധനയും പൂർത്തിയായി.നിർമാണകാലത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡുകളുടെ നവീകരണത്തിനും ജല അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനുമായി നേരത്തേ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.