ഇൻഡിഗോ വിമാനത്തിലെ വധശ്രമക്കേസ്: ഇ.പി. ജയരാജനെതിരായ പരാതിയിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘം
ഇൻഡിഗോ വിമാനത്തിൽ വെച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
വലിയതുറ സി.ഐയുടെ നേതൃത്വത്തിലായിരുന്നു ഇതുവരെ അന്വേഷണം നടന്നിരുന്നത്. എന്നാൽ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് പരാതിക്കാരനായ ഫർസീൻ മജീദ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ഉത്തരവിറക്കിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിനിടെ ഇ.പി. ജയരാജൻ മർദ്ദിച്ചെന്നായിരുന്നു ഫർസീന്റെ പരാതി. തുടക്കത്തിൽ പോലീസ് കേസെടുത്തിരുന്നില്ലെങ്കിലും കോടതി ഇടപെടലിനെ തുടർന്നാണ് കേസെടുത്തത്. തെളിവുകളില്ലെന്ന് കാട്ടി പോലീസ് നൽകിയ ആദ്യ റിപ്പോർട്ട് തള്ളിയ കോടതി, അന്വേഷണം കൂടുതൽ ഫലപ്രദമായി പൂർത്തിയാക്കി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
