പുലിനഖം കൊണ്ട് പരിക്ക്; സ്ത്രീ പേവിഷ ബാധയേറ്റ് മരണപ്പെട്ടു
പുലിനഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് രാത്രി ഉറങ്ങുന്നതിനിടെ പുലിയുടെ ആക്രമണത്തിൽ കുഞ്ഞമ്മയ്ക്ക് പരിക്കേറ്റത്.വളർത്തുനായയെ പിടിക്കാൻ പുലി വീട്ടിലെത്തിയപ്പോൾ രക്ഷയ്ക്കായി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി.നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു. എന്നാൽ വീട്ടമ്മ ചികിത്സ തേടുകയോ വാക്സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല.വീട്ടമ്മയ്ക്ക് പേ വിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം രണ്ടിന് പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞമ്മ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും ആദ്യം അവർ അവിടെ പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താലൂക്ക് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചതോടെ തെന്മല പോലീസ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വഴിയിൽ തടഞ്ഞ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പേവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മെഡിക്കൽ കോളേജിന്റെ അറിയിപ്പ് കൊല്ലം ജില്ല മെഡിക്കൽ ഓഫീസർ മുഖേന പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
