'ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണം'; മാറ്റിപ്പാർപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് എം.എം. മണി
ചിന്നക്കനാലിൽ ജനവാസമേഖലയിലിറങ്ങി നിരന്തരം ഭീതി പരത്തുന്ന ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം. മണി. കാട്ടാനകളെ പിടികൂടി കാടുകയറ്റാനുള്ള വനംവകുപ്പിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആനകളെ വെറുതെ പിടിച്ചുമാറ്റുന്നത് ശാശ്വത പരിഹാരമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്നും അത്തരം നടപടികളിൽ നിയമപരമായ കേസുകൾ വന്നാൽ നേരിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാനത്തെ ഭരണനേതൃത്വത്തിനും വൈദ്യുതി മന്ത്രിക്കും ഒരു കാര്യത്തിലും ദീർഘവീക്ഷണമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലെന്നും എം.എം. മണി കുറ്റപ്പെടുത്തി. താനും പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്ന കാലത്ത് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. മികച്ച രീതിയിൽ മഴ ലഭിച്ചാൽ പോലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. ബാക്കി ഭാഗം വലിയ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ്. കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിയും ജനങ്ങളോട് ആത്മാർത്ഥതയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതികരണത്തെയും മണി നിശിതമായി വിമർശിച്ചു. വിവരമില്ലാത്തതുകൊണ്ടാണ് മന്ത്രി അങ്ങനെയൊക്കെ സംസാരിക്കുന്നത്. മന്ത്രിപ്പണി അറിയില്ലെങ്കിൽ ഭാര്യയുടെ കൂടെപ്പോയിരിക്കാമെന്നും അതല്ലെങ്കിൽ മറ്റെന്തെങ്കിലും പണി നോക്കണമെന്നും, മന്ത്രിപ്പണി ഏറ്റെടുത്താൽ ആ പണി കൃത്യമായി ചെയ്യണമെന്നും മണി പരിഹസിച്ചു.
