അഞ്ച് പേർക്ക് പുതുജീവനേകി അയോണ മടങ്ങി; നാടിന്റെ കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി

  1. Home
  2. Kerala

അഞ്ച് പേർക്ക് പുതുജീവനേകി അയോണ മടങ്ങി; നാടിന്റെ കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി

iona


കണ്ണൂർ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്‌കൂൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച പ്ലസ് ടു വിദ്യാർഥിനി അയോണയ്ക്ക് (17) നാട് വിങ്ങുന്ന ഹൃദയത്തോടെ വിടനൽകി. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2.30-ന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സംസ്കരിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയപ്പെട്ട അയോണയെ അവസാനമായി കാണാൻ എത്തിയത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്‌കൂളിൽ തന്നെ പഠിക്കുന്ന സഹോദരങ്ങളായ മാർഫിന്റെയും എയ്ഞ്ചലിന്റെയും മാതാപിതാക്കളുടെയും സങ്കടം കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് അയോണ താഴെ വീണത്. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ബുധനാഴ്ച രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മകളുടെ വേർപാടിലും അയോണയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികൾ കാട്ടിയ വലിയ മനസ്സ് അഞ്ച് പേർക്കാണ് പുതുജീവനേകിയത്. വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്.

അയോണയുടെ ഒരു വൃക്ക തിരുവനന്തപുരം പാറശാല സ്വദേശിനിയായ 29-കാരിക്കാണ് നൽകിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിന്റെ വാണിജ്യ സർവീസ് വഴി പ്രത്യേക സംവിധാനമൊരുക്കിയാണ് അവയവം തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത്.