ഇതാണോ പവർകട്ട് ഇല്ലാത്ത കേരളം? അപ്രഖ്യാപിത ലോഡ് ഷെഡിംഗ് പിൻവലിക്കണമെന്ന് വി ഡി സതീശൻ
കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതൽ സൈബർ പോരാളികൾ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവർകട്ട് ഇല്ലാത്ത പത്ത് വർഷമെന്ന പെരുംനുണയെന്നും അദ്ദേഹം ആരാഞ്ഞു. വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോൾ നിസഹായരായി നോക്കി നിൽക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉടൻ പിൻവലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടർന്നാൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
അഴിമതി ലക്ഷ്യമിട്ട് സർക്കാരിലെയും വൈദ്യുതി ബോർഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചതെന്നും സതീശൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സർക്കാർ റദ്ദാക്കിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സജ്ജമാക്കിയ പവർ കോറിഡോറും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്ന ദീർഘകാല കരാറും ഉപയോഗപ്പെടുത്തിയാണ് പവർ കട്ട് ഒഴിവാക്കിയെന്ന് പിണറായി സർക്കാർ മേനി നടിച്ചത്. രണ്ടു വർഷം മുൻപ് കരാർ റദ്ദാക്കിയതിനു ശേഷം നാലു രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി ആറു മുതൽ 12 രൂപ വരെ നൽകി വാങ്ങിയത്. ഇതിലൂടെ ദിവസേന 15 മുതൽ 20 കോടി രൂപയുടെ നഷ്ടമാണ് ഈ സർക്കാർ വൈദ്യുതി ബോർഡിന് ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീർഘകാല വൈദ്യുതി പർച്ചേസ് കരാർ റദ്ദാക്കൽ. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെ.എസ്.ഇ.ബിക്കും സർക്കാരിലെ ഉന്നതർക്കും പങ്കുണ്ട്. കരാർ അട്ടിമറിച്ചതിൽ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സർക്കാർ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷൻ എന്നും സതീശൻ പറഞ്ഞു.
കർ റദ്ദാക്കിയതിനു പിന്നിൽ ഏതൊക്കെ ഗൂഢാലോചനകളാണ് നടന്നതെന്ന് അവസാന കാലത്തെങ്കിലും ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അഴിമതിപ്പണം ഏതൊക്കെ പെട്ടിയിലേക്കാണ് പോയതെന്നും കണ്ടെത്തണം. ദീർഘകാല കരാറുകൾ തുടർന്നിരുന്നുവെങ്കിൽ ഇപ്പോത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും നിരക്ക് വർദ്ധനയും ഒഴിവാക്കാമായിരുന്നു. 2040 വരെ കേരളത്തിന് 4 രൂപ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാധ്യതയിൽനിന്ന് കമ്പനികളെ രക്ഷിക്കുകയാണ് യഥാർഥത്തിൽ റെഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും സർക്കാരും ചെയ്തത്. ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായപ്പോഴും 2000 കോടി രൂപയാണ് കമ്പനികൾക്ക് ലാഭമുണ്ടായത്. ഇതിന്റെ വിഹിതം ആർക്കൊക്കെ കിട്ടിയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഈ അഴിമതിയെ കുറിച്ച് അന്വേഷിക്കുമെന്നും സതീശൻ പറഞ്ഞു.
