'കേരളം പാപ്പരാണെന്നത് ശുദ്ധ നുണ'; എ.കെ. ആന്റണിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
കേരളം സാമ്പത്തികമായി പാപ്പരാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. വസ്തുതകൾ നിരത്തി ആന്റണിയുടെ വാദങ്ങളെ പൊളിച്ചടുക്കുകയാണ് സാമ്പത്തിക വിദഗ്ധരും സോഷ്യൽ മീഡിയ ഉപയോക്താക്കളും. അംഗീകൃതമായ ഒരു ധന മാനദണ്ഡവും കേരളം പാപ്പരാണെന്ന് തെളിയിക്കുന്നില്ലെന്ന് സ്വതന്ത്ര ഗവേഷകൻ ഗോപകുമാർ മുകുന്ദൻ ചൂണ്ടിക്കാട്ടി.
ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
അംഗീകൃതമായ ഒരു ധന മാനദണ്ഡവും ( Fiscal Indicators ) കേരളം പാപ്പരായ സംസ്ഥാനമാണ് എന്നതിനെ സാധൂകരിക്കുന്നില്ല.
വളർച്ചാ നിരക്ക്, റവന്യൂക്കമ്മി, ധനക്കമ്മി, പൊതുക്കടം തുടങ്ങി ഒന്നും ഈ വാദത്തിന് പിൻബലമേകുന്നില്ല.
ഒന്നേകാൽ ലക്ഷം കോടി രൂപയിലേറെ തനതു റവന്യൂ വരുമാനമുള്ള സംസ്ഥാനമാണ് കേരളം.
കേരളത്തിൻ്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം യൂനിയൻ ട്രാൻസ്ഫറിലുള്ള കടുത്ത വിവേചനമാണ്. ഈ വിവേചനത്തെ അതിജീവിച്ചാണ് കേരളം കഴിഞ്ഞ ഒരു ദശാബ്ദമായി മുന്നോട്ട് നടന്നത്.
ക്ഷേമവും പശ്ചാത്തല , സംരഭക വികസനവും സമന്വയിപ്പിച്ച് കേരളത്തെ ഒരു അന്തരാള ഘട്ടത്തിൽ ( ട്രാൻസ്ഫർമേഷൻ്റെ ഘട്ടത്തിൽ ) മുന്നോട്ടു നയിച്ചതായിരുന്നു കഴിഞ്ഞ 10 കൊല്ലത്തെ ഭരണ തന്ത്രം എന്നു പറയാം. അതിനുതകുന്ന ബദൽ ധനനയവും തന്ത്രവും അവലംബിച്ചാണ് മുന്നോട്ടു നീങ്ങിയത്. ആ ഭരണ രീതി വളർച്ചയിലും ക്ഷേമത്തിലും പശ്ചാത്തല സൗകര്യ നിർമ്മിതിയിലും എല്ലാം കണക്കുകളായി തന്നെ പ്രതിഫലിച്ചിട്ടുണ്ട്. ജോലിയിലും കൂലിയിലും പ്രതിഫലിച്ചിട്ടുണ്ട്. ജീവിത ഗുണ മേന്മയിൽ പ്രതിഫലിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് തന്നെ പാതിയായി, ദേശീയ ശരാശരിയ്ക്ക് അടുത്തെത്തിയിരിക്കുന്നു.
കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ആൻ്റണിയുടെ പ്രസ്താവന തനിയാവർത്തനത്തിനുള്ള നരേറ്റീവ് സെറ്റിങ്ങാണ്.
സൂക്ഷിക്കണം. ജാഗ്രത്താകണം.
ജനങ്ങൾ UDF നു നൽകിയ മാൻഡേറ്റിന് ആധാരമായ വാഗ്ദാനങ്ങളിൽ നിന്നും ഈ പേരിൽ പിൻവലിയാൻ അനുവദിച്ചു കൂട.
കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ആഖ്യാനം നുണയാണ്.
ശുദ്ധ നുണ.
(കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റ് സ്‌റ്റഡീസിലെ സ്വതന്ത്ര ഗവേഷകനാണ് ഗോപകുമാർ മുകുന്ദൻ)
