സസ്പെൻഷനിലുള്ള പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

  1. Home
  2. Kerala

സസ്പെൻഷനിലുള്ള പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

 sunny joseph


ചിറയിൻകീഴിലെ ചേരിപ്പോരിനെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് എം.എൽ.എ നീക്കം നടത്തിയതിൽ കടുത്ത അതൃപ്തി വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സസ്പെൻഷനിലുള്ള ഒരാളെ അഡീഷണൽ പി.എ ആയി നിയമിക്കാൻ കത്ത് നൽകിയത് ഒരു തരത്തിലും അഭികാമ്യമല്ലെന്നും, മുൻകാല പ്രാബല്യത്തോടെ നൽകിയ ഈ കത്ത് തെറ്റാണെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

പാളയം പ്രദീപിനെ 2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. ചിറയിൻകീഴിലെ സംഘർഷത്തിനും അച്ചടക്ക നടപടിക്കും ശേഷമാണ് ഈ നീക്കമെങ്കിൽ ഇത് ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും രമ്യ ഹരിദാസ് കത്ത് നൽകിയ തീയതി കെ.പി.സി.സി പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗരവതരമായ സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്ന കെ.പി.സി.സി സമിതി അധ്യക്ഷൻ എം.എം. ഹസൻ ഉൾപ്പെടെയുള്ള നേതാക്കളുമായി വിഷയം ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.