'ഗ്യാനേഷ് കുമാർ ബിജെപിയിൽ ചേരുന്നതായിരുന്നു ഭേദം'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി എം.എ. ബേബി
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പിയിൽ ചേർന്ന് സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ നോക്കുന്നതായിരുന്നു ഇതിനേക്കാൾ ഭേദമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ മാതൃകയായാണ് നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ എം.എ. ബേബി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി നിർദേശം കാറ്റിൽപ്പറത്തി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം സർക്കാരിന് ഭൂരിപക്ഷമുള്ള രീതിയിൽ സമിതി മാറ്റുകയും ചെയ്തതാണ് നിലവിലെ സ്ഥിതിവിശേഷത്തിന് കാരണമായത്.
മുൻ ചീഫ് സെക്രട്ടറി ജി.ജി. തോംസണിന്റെ വെളിപ്പെടുത്തലോടെ ഗ്യാനേഷ് കുമാറിന്റെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമായെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നും ബേബി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച അദ്ദേഹം, വിഷയത്തിൽ ഇന്ത്യ ബ്ലോക്കും മറ്റ് പ്രതിപക്ഷ പാർട്ടികളും യോജിച്ച് ശക്തമായ ബഹുജന പ്രക്ഷോഭത്തിലേക്ക് കടക്കണമെന്നും ആഹ്വാനം ചെയ്തു.
