നയപ്രഖ്യാപനമല്ല, നയരാഹിത്യം; കേന്ദ്ര അവഗണനയിൽ സർക്കാർ മൗനം പാലിക്കുന്നു: പിണറായി വിജയൻ
നിയമസഭയിൽ അവതരിപ്പിച്ച വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ പ്രസംഗം വെറുമൊരു 'നയരാഹിത്യ പ്രഖ്യാപനം' മാത്രമായി മാറിയെന്നും പുതുയുഗ കേരളത്തിനായുള്ള കൃത്യമായൊരു റൂട്ട് മാപ്പോ വികസന ബ്ലൂപ്രിന്റോ ഇതിലില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന കടുത്ത അവഗണനകളെക്കുറിച്ച് നയപ്രഖ്യാപനത്തിൽ സർക്കാർ പൂർണ്ണമായും മൗനം പാലിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ടതും ചോദിച്ചു വാങ്ങേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുന്നത് കേരളത്തിന്റെ അവകാശങ്ങൾ നഷ്ടപ്പെടാൻ മാത്രമേ ഇടയാക്കൂ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പ്രധാന വികസന പദ്ധതികളെക്കുറിച്ചോ കുടുംബശ്രീ, കിഫ്ബി (KIIFB) തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചോ പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. റിസർവ് ബാങ്ക് അംഗീകരിച്ച കണക്കുകൾ പ്രകാരം 5429 കോടി രൂപ ഖജനാവിൽ നീക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞത്. എന്നാൽ, ഈ യാഥാർത്ഥ്യം മറച്ചുവെച്ച് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റായ നരേറ്റീവ് സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് നയപ്രഖ്യാപനത്തിൽ കാണുന്നത്. ഒട്ടേറെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ബോധപൂർവ്വം മൗനം പാലിക്കുന്നത് കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയാടലുകളെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ നിലപാട് തികച്ചും തെറ്റാണെന്നും ഇഡിയെ (ED) അവർ വൃത്തികെട്ട രീതിയിലാണ് ഉപയോഗിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വന്ദേമാതര വിവാദത്തിൽ സർക്കാരിന് പിന്തുണ; പ്രോട്ടോക്കോൾ ലംഘനത്തിൽ വിമർശനം
നിയമസഭയിലെ വന്ദേമാതര വിവാദത്തിൽ സർക്കാരിന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കേണ്ടതില്ലെന്നും ദേശീയഗീതമായ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം, ഗവർണറെ സ്വീകരിക്കുന്നതിനിടെ ഡിജിപി നിയമസഭയുടെ ഫ്ലോറിനുള്ളിൽ കയറിയത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അറിയാതെ സംഭവിച്ചതാണെന്നാണ് കരുതുന്നതെന്നും പ്രസ്തുത പ്രോട്ടോക്കോൾ ലംഘനം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
