അദാനിയുടെ വീടല്ലല്ലോ സാർ, മൽസ്യത്തൊഴിലാളി സിൽവ പിള്ളയ്ക്ക് വന്ന വാട്ടർ ബില്ല് 38000 രൂപ, അടച്ചേ തീരുവെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം പൂന്തുറയിൽ പാവപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബത്തിന് ലഭിച്ച വട്ടർ ബില്ല് കണ്ട് കണ്ണ് തള്ളാതെ വയ്യ. പൂന്തുറ സ്വദേശി സിൽവ പിള്ളയ്ക്ക് 38000 രൂപയോളമാണ് വാട്ടർ അതോറിറ്റി ബില്ലായി എത്തിയത്. അതുകൊണ്ടാണ് ഉദ്യോഗസ്ഥരോട് അദാനിയുടെ വീടല്ലല്ലോ സർ എന്ന് സിൽവ പിള്ളയ്ക്ക് ചോദിക്കേണ്ടി വന്നത്.
മാർച്ച് മാസത്തിലാണ് കുടുംബം കണക്ഷൻ എടുത്തത്. അഞ്ചുപേർ അടങ്ങുന്ന കുടുംബമാണ് സിൽവ പിള്ളയുടേത്. ആദ്യ മാസങ്ങളിലെല്ലാം ന്യായമായ തുക മാത്രമാണ് ബിൽ വന്നിരുന്നത്. എന്നാൽ സെപ്റ്റംബറിൽ 34000, നവംബറിൽ 38000 എന്നിങ്ങനെയാണ് ബിൽ ലഭിച്ചത്. കാര്യം തിരക്കിയപ്പോൾ പണം അടച്ചേ തീരു എന്ന പിടിവാശിയിലാണ് ഉദ്യോഗസ്ഥർ. ഇത്രയും തുക വന്നതിന് പിന്നിലെ മറിമായ എന്തെന്ന് ചോദിക്കുമ്പോൾ ലീക്കുണ്ടാകും എന്നായിരുന്നു ജല അതോറിറ്റി ജീവനക്കാരുടെ മറുപടി.
ചാല ഓഫീസിലെ ഉദ്യോഗസ്ഥരുടെ മറുപടിയുടെ പകപ്പ് സിൽവ പിള്ളയ്ക്ക് ഇപ്പോഴും മാറിയിട്ടില്ല. വേണമെങ്കിൽ തുച്ഛമായ ഒരു തുക മാത്രം കുറച്ചുതരാമെന്ന ഉദ്യോഗസ്ഥ ഔദാര്യവും കൂടി സിൽവ പിള്ളയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ പണം അടയ്ക്കില്ലെന്ന നിലപാടിലാണ് സിൽവ പിള്ള.