ജോലിഭാരമല്ല, ഭർത്താവിന്റെ പീഡനം; ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി

  1. Home
  2. Kerala

ജോലിഭാരമല്ല, ഭർത്താവിന്റെ പീഡനം; ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി

neyyar


നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടി കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ (25) മൃതദേഹം കണ്ടെത്തി. സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് നേമം സ്വദേശിയായ ശരണ്യ അണക്കെട്ടിലേക്ക് ചാടിയത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ഭർത്താവ് സിരിലിന്റെ വാദം തള്ളിയ പൊലീസ്, ഭർത്താവിന്റെ ക്രൂരമായ പീഡനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

തമ്പാനൂർ ആർടിഒ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ശരണ്യയ്ക്ക് 11 മാസം മുൻപാണ് സർക്കാർ ജോലി ലഭിച്ചത്. ജോലിഭാരമോ സ്ഥലംമാറ്റം ലഭിക്കാത്തതോ ആണ് ശരണ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു സിരിലിന്റെ ആദ്യ മൊഴി. എന്നാൽ, ശരണ്യയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായും സിരിലിനെതിരെ മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി.

മദ്യപിച്ച് എത്തുന്ന സിറിൽ ശരണ്യയെ നിരന്തരം മർദിക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ പീഡനത്തെത്തുടർന്നുള്ള മനോവിഷമമാണ് ശരണ്യയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ സിരിലിനെതിരെ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.