തടാകത്തിൽ നിന്ന് കരക്ക് കയറി ചക്കക്കൊമ്പൻ;ജാഗ്രതയോടെ ദൗത്യസംഘം

  1. Home
  2. Kerala

തടാകത്തിൽ നിന്ന് കരക്ക് കയറി ചക്കക്കൊമ്പൻ;ജാഗ്രതയോടെ ദൗത്യസംഘം

image


ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ. രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ആന ആനയിറങ്കൽ തടാകത്തിലിറങ്ങിയെങ്കിലും പിന്നീട് കരയ്ക്ക് കയറി. നിലവിൽ തടാകക്കരയിലൂടെ നീങ്ങുന്ന ആനയെ ദൗത്യസംഘം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.

വെടിയേറ്റതിന് പിന്നാലെ ആന ജലാശയത്തിലേക്ക് ഇറങ്ങിയത് ദൗത്യത്തിന് വലിയ വെല്ലുവിളിയായി. ആനയെ തടാകത്തിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പടക്കം പൊട്ടിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് ആന കരയ്ക്ക് കയറിയതോടെയാണ് ആശ്വാസമായത്. കുങ്കിയാനകളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ആനയെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വനംവകുപ്പിന്റെ ബോട്ട് സംഘവും തടാകത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ ആന ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തതായും വിവരമുണ്ട്. ആനയെ കൂടുതൽ പ്രകോപിപ്പിക്കാതെ നീങ്ങാനാണ് വനംവകുപ്പിന്റെ തീരുമാനം.

ആദ്യ രണ്ട് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ വിഫലമായിരുന്നു. ഇന്നും ദൗത്യം വിജയിച്ചില്ലെങ്കിൽ നിർത്തിവെക്കുന്ന കാര്യം വനംവകുപ്പ് ആലോചിക്കുന്നുണ്ട്.ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നാം ദിവസവും തുടരുകയാണ്. ആദ്യദിവസം പ്രതികൂല കാലാവസ്ഥയും രണ്ടാം ദിവസം ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ കഴിയാതിരുന്നതുമാണ് തിരിച്ചടിയായത്.ദൗത്യം ഇന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും നീളുകയാണെങ്കിൽ കൂടിയാലോചിച്ച് ഇടവേളയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.