ജയി ജയകുമാറിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകും; ഹൃദയം എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക്
മരണശേഷവും അഞ്ചുപേർക്ക് തുണയായി കിളിമാനൂർ സ്വദേശിനി ജയി ജയകുമാർ (35). തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ജയിയുടെ ഹൃദയം ഉൾപ്പെടെയുള്ള അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഏപ്രിൽ രണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയിയുടെ മസ്തിഷ്‌ക മരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. പ്രിയപ്പെട്ടവളുടെ വേർപാടിലും അവയവദാനത്തിന് സമ്മതം നൽകിയ കുടുംബത്തിന്റെ തീരുമാനം നാടിന് വലിയ മാതൃകയായിരിക്കുകയാണ്.
ജയിയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്. അവയവം വേഗത്തിൽ എത്തിക്കുന്നതിനായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. ഹൃദയത്തിന് പുറമെ കരൾ, വൃക്കകൾ, കണ്ണ് എന്നിവയും മുൻഗണനാ പട്ടികയിലുള്ള മറ്റ് രോഗികൾക്ക് പുതുജീവൻ നൽകാനായി ഉപയോഗിക്കും. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ 'കെ-സോട്ടോ'യുടെ (K-SOTTO) മേൽനോട്ടത്തിലാണ് ഈ നടപടികൾ ഏകോപിപ്പിച്ചത്.
