ജയിലർ 2 ചിത്രീകരണത്തിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
രജനീകാന്ത് നായകനാകുന്ന ജയിലർ 2 ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ യുവ തൊഴിലാളി മരിച്ചു. ആർട്ട് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന കാർത്തികേയൻ (28) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ചെന്നൈ പനൈയൂരിലെ സ്വകാര്യ സ്റ്റുഡിയോയിൽ വീടിന്റെ സെറ്റ് നിർമ്മിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കാർത്തികേയന് എങ്ങനെ വൈദ്യുതാഘാതമേറ്റുവെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം അപകടത്തെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
