കെ ഫോൺ പ്രവർത്തനങ്ങളുടെ താളം തെറ്റുന്നു: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസമായിട്ടും 5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനായില്ല

  1. Home
  2. Kerala

കെ ഫോൺ പ്രവർത്തനങ്ങളുടെ താളം തെറ്റുന്നു: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസമായിട്ടും 5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനായില്ല

K phone


ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും 5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാൻ കഴിയാതെ കെ ഫോൺ. 14,000 ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 4300 ഓളം വീടുകളിലേക്ക് മാത്രമാണ് ഇതുവരെ കെ ഫോൺ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി കെ ഫോൺ പദ്ധതി പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്.
ഒരു നിയോജക മണ്ഡലത്തിൽ നിന്ന് 2000 പേരെ ഉൾപ്പെടുത്തിയുള്ള പുതിയ ഉപഭോക്തൃപട്ടിക, രണ്ടാം ഘട്ടത്തിൽ രണ്ടര ലക്ഷം കണക്ഷൻ, മാര്‍ച്ച് മാസത്തിനുള്ളിൽ 60000 ആദിവാസി കുടുംബങ്ങളിൽ ഇന്റര്‍നെറ്റ്, ഈ മാസം തന്നെ 10000 സൗജന്യ കണക്ഷനും 10000 വാണിജ്യ കണക്ഷനും തുടങ്ങി വലിയ പ്രഖ്യാപനങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും ആദ്യ പ്രഖ്യാപനം പോലും നടപ്പായിട്ടില്ല. തദ്ദേശ ഭരണ വകുപ്പ് നൽകിയ ഗുണഭോക്ത പട്ടികയിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനിടെ സാമ്പത്തിക ബാധ്യത കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. വാര്‍ഷിക പരിപാലന തുക ഒഴിച്ച് 1168 കോടി മുടക്കിയാണ് കെ ഫോൺ ആരംഭിച്ചത്. ബെൽ കൺസോര്‍ഷ്യം മുടക്കിയ 950 കോടിയിൽ ഇതുവരെ 550 കോടി മാത്രമാണ് അനുവദിച്ചത്. മുപ്പത് ശതമാനം തുക സര്‍ക്കാർ മുടക്കിയാൽ മാത്രമേ കിഫ്ബി വിഹിതം ലഭിക്കൂ എന്നതിനാൽ ഇതും പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കെ ഫോണിന് അനുവദിച്ച 85 കോടി കേന്ദ്ര വിഹിതത്തിലും, മുഴുവൻ തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നാണ് വിവരം.