തൃശ്ശൂര് കണ്ട് പനിക്കേണ്ട, മിഠായിത്തെരുവിൽ ഹലുവ കൊടുത്തതുപോലെയാകും; കെ രാജൻ

  1. Home
  2. Kerala

തൃശ്ശൂര് കണ്ട് പനിക്കേണ്ട, മിഠായിത്തെരുവിൽ ഹലുവ കൊടുത്തതുപോലെയാകും; കെ രാജൻ

k rajan


കേരള സന്ദർശനത്തിനായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മന്ത്രി കെ രാജൻ. തൃശൂർ കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മിഠായി തെരുവിൽ ഹൽവ കൊടുത്തത് പോലെയാകുമെന്ന് പറഞ്ഞു. തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത് പ്രധാനമന്ത്രിയുടെ പാർട്ടി തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തൃശ്ശൂർ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി മോദി ഇന്ന് വിമർശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി രാജൻ.

'ഞങ്ങളാരും തൃശ്ശൂർ പൂരത്തിൽ രാഷ്ട്രീയംകലർത്തുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടി നടത്തുന്നുണ്ടാകും. തൃശ്ശൂർപൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടേയും അഭിമാനമായ പൂരമാണത്. അതിൽ മത-ജാതി-രാഷട്രീയഭേദങ്ങളില്ല. അതിൽ രാഷ്ട്രീയംകലർത്താൻ ശ്രമിച്ചാൽ പ്രയാസകരമായിരിക്കും', മന്ത്രി രാജൻ പറഞ്ഞു.

തൃശ്ശൂരിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി ഇങ്ങനെ മറുപടി നൽകി- 'ചില പാർട്ടികൾ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ചിലർ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യം. എന്തായാലും തൃശ്ശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവിൽ ഹലുവ കൊടുത്തപോലെയാകും. മത്സരിച്ചാൽ വിവരം അറിയും', മന്ത്രി വ്യക്തമാക്കി.