ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണം; കെ.സുധാകരൻ

  1. Home
  2. Kerala

ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണം; കെ.സുധാകരൻ

sudhakaran press meet


പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും സുധാകരൻ പറഞ്ഞു.
 പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ ഏതുനിമിഷവും താഴുവീഴാവുന്ന ദുരവസ്ഥയില്‍ കണ്ണീരും കയ്യുമായി കെഎസ്ആര്‍ടിസിയും ജീവനക്കാരും നില്‍ക്കുമ്പോഴാണ് നവകേരള സദസ്സിന്റെ പേരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടമായി സഞ്ചരിക്കാന്‍ ഒരു കോടിരൂപയുടെ ബസ്സ് വാങ്ങാന്‍ പണം അനുവദിച്ചത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടാത്തിന്റെ പേരില്‍ ഭിക്ഷാടനത്തിന് ഇറങ്ങിയ മറിയക്കുട്ടിയെന്ന വയോധികയെ കല്ലെറിയുകയും കര്‍ഷകരുടെ കൊയ്ത്തുകഴിഞ്ഞ നെല്ല് സംഭരിക്കുകയോ, അതിന്റെ പണം കൃത്യമായി നല്‍കുകയോ ചെയ്യാതിരിക്കുമ്പോഴാണ് കോടികള്‍ മുടക്കി ബസ് വാങ്ങുന്നത്.

പണം കിട്ടാത്തതുമൂലം സപ്ലൈക്കോയ്ക്ക് കര്‍ഷകര്‍ നെല്ലുപോലും കൊടുക്കാത്ത ദാരുണമായ അവസ്ഥയാണ്. പൊളിഞ്ഞു പാളീസായ കെഎസ്ആര്‍ടിസിയുടെ ബജറ്റില്‍നിന്നാണ് ബസ് വാങ്ങുന്നതെന്നു ന്യായീകരിച്ച വകുപ്പ് മന്ത്രിയെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാള്‍ വിദൂരമല്ലെന്നും സുധാകരന്‍ പറഞ്ഞു.