കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യംവിളിച്ച് സ്വീകരിച്ച് സി.പി.എം നേതാക്കൾ
വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കർ ജാമ്യം ലഭിച്ച് ജയിൽ മോചിതനായി. വെള്ളിയാഴ്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, ജാമ്യ ഉത്തരവ് ജയിലിലെത്തിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ഇയാൾ പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 16-ാം തീയതി മുതൽ ജിതിൻ റിമാൻഡിലായിരുന്നു.
ജയിൽ മോചിതനായ ജിതിൻ ഭാസ്‌കറെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളോടെയാണ് ജയിൽ കവാടത്തിൽ സ്വീകരിച്ചത്. തുടർന്ന് വടകര നഗരത്തിൽ പ്രകടനവും നടത്തി. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽ വെച്ച് ഇയാൾക്ക് പ്രത്യേക സ്വീകരണവും പാർട്ടി ഒരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ബ്രോഡ്കാസ്റ്റ് സന്ദേശം വഴി ഇരുനൂറോളം പേർക്ക് വിവാദ പോസ്റ്റ് അയച്ചുവെന്നും മൊബൈൽ ഫോണിലെ തെളിവ് നശിപ്പിച്ചെന്നുമാണ് പോലീസ് കണ്ടെത്തൽ. ഇത് സംബന്ധിച്ച തെളിവുകൾ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ഈ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ഈ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജാമ്യത്തിലിറങ്ങിയ ജിതിൻ. ഇവിടെ നിന്നാണ് മറ്റ് ഗ്രൂപ്പുകളിലേക്ക് സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്യപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജ പോസ്റ്റ് നിർമ്മിച്ചായിരുന്നു പ്രചാരണം. കേസിൽ നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടർന്ന് മുഹമ്മദ് കാസിമിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
