കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം അനുവദിച്ചു

  1. Home
  2. Kerala

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം അനുവദിച്ചു

JITHIN BHASKARAN


വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിൻ ഭാസ്‌ക്കരന് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ വടകര മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജിതിൻ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എംഎസ്എഫ് നേതാവിന്റേതെന്ന വ്യാജേന വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട സ്‌ക്രീൻഷോട്ട് കേസിലാണ് കഴിഞ്ഞ മാസം 16-ന് പ്രത്യേക അന്വേഷണസംഘം ജിതിൻ ഭാസ്‌ക്കരനെ അറസ്റ്റ് ചെയ്തത്. മുൻ സർക്കാരിന്റെ കാലത്ത് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും സ്‌ക്രീൻഷോട്ട് നിർമ്മിച്ചയാളെ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിച്ചിരുന്നു.

എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പുതിയ അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ബ്രോഡ്കാസ്റ്റ് മെസേജിംഗ് വഴി വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ജിതിൻ ഭാസ്‌ക്കരനാണെന്ന് കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധി പേരെ ചോദ്യം ചെയ്ത ശേഷമായിരുന്നു പ്രത്യേക സംഘം ജിതിൻ ഭാസ്‌ക്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.