കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ റിമാൻഡിൽ കഴിയുന്ന ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷ തള്ളിയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്.ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ച സാഹചര്യത്തിൽ വ്യാജ സ്‌ക്രീൻഷോട്ട് നിർമിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ജിതിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ലഭിച്ച തെളിവുകളും എസ്ഐടി കോടതിയിൽ ഹാജരാക്കി.
'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ജിതിൻ ഭാസ്‌കറാണെന്നും, ബ്രോഡ്കാസ്റ്റ് സന്ദേശമായും അത് പ്രചരിപ്പിച്ചതും ഇയാളാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. സ്‌ക്രീൻഷോട്ടിന്റെ യഥാർഥ ഉറവിടവും അത് നിർമിച്ച വ്യക്തിയും കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ്, ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് സ്‌ക്രീൻഷോട്ട് ലഭിച്ചത് 'വടകര സ്‌ക്വാഡ്' ഗ്രൂപ്പിൽ നിന്നാണെന്ന് വ്യക്തമായത്. തുടർന്നുള്ള അന്വേഷണമാണ് ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്. വ്യാജ സ്‌ക്രീൻഷോട്ട് നിർമിച്ചതിന് പിന്നിലും ജിതിനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാപകമായി പ്രചരിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയായിരുന്നു പ്രതിചേർത്തത്. എന്നാൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം പുതിയ വഴിത്തിരിവിലെത്തുകയായിരുന്നു.
